അടിമാലി: രാജാക്കാട് തയ്യിൽ മാത്യുവിെൻറ മകൻ നോബി (40) ഒമാനിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ 11ന് മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
കൊട്ടാരം മ്യൂസിയത്തിലെ ടെക്നിക്കൽ സൂപ്പർവൈസറായ നോബി വ്യാഴാഴ്ച രാത്രി ജോലിക്ക് ശേഷം കമ്പനി ക്വാർട്ടേഴ്സിലെത്തി പിറ്റേന്ന് രാവിലെ 7.40ന് വീട്ടിലേക്ക് വിളിച്ച് ഭാര്യയോടും മക്കളോടും സംസാരിച്ചിരുന്നു. തുടർന്ന് കാൻറീനിൽനിന്ന് പ്രഭാത ഭക്ഷണം കഴിച്ചശേഷം വിശ്രമിക്കാൻ ക്വാർട്ടേഴ്സിലേക്ക് പോയി. ഉച്ചഭക്ഷണം കഴിക്കാൻ എത്താതിരുന്നതിനെ തുടർന്ന് കാൻറീൻ ജീവനക്കാരൻ അന്വേഷിച്ച് ചെന്നപ്പോൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മെഡിക്കൽ പരിശോധനയിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച അവധിയായതിനാൽ കൂടെ താമസിക്കുന്ന ആൾ സ്ഥലത്തില്ലായിരുന്നു. 15 വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന നോബി നാല് മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്.
വീട്ടിൽ വരുന്നതിന് മുമ്പും തിരിച്ചുപോയതിന് ശേഷവും കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയും നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. ഓണത്തിന് വീട്ടിൽ വരാനിരിക്കെയാണ് അന്ത്യം. ഡീൻ കുര്യാക്കോസ് എം.പി, എം.എം മണി എം.എൽ.എ എന്നിവർ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. നെടുങ്കണ്ടം മാവടി ഞൊണ്ടിമാക്കൽ കുടുംബാംഗവും രാജാക്കാട് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറുമായ ജിൻസിയാണ് ഭാര്യ. മക്കൾ: അന്ന, മെറിൻ.