തൃശൂർ: നിരൂപകനും പത്രപ്രവർത്തകനുമായിരുന്ന ചെമ്പൂക്കാവ് ‘ധന്യശ്രീ’യിൽ പ്രഫ. എം.ആർ. ചന്ദ്രശേഖരൻ (എം.ആർ.സി -96) നിര്യാതനായി. എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തിൽ ബുധനാഴ്ച പുലർച്ചയായിരുന്നു മരണം.
വിവിധ ആശുപത്രികളിലെ ചികിത്സക്കുശേഷം രണ്ട് ദിവസം മുമ്പാണ് ഇവിടെ പ്രവേശിപ്പിച്ചത്. അമ്പതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരൂപണത്തിന് സാഹിത്യ അക്കാദമി അവാർഡും വിവർത്തനത്തിന് എം.എൻ. സത്യാർഥി പുരസ്കാരവും നേടിയിട്ടുണ്ട്.
സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിലിലും നിർവാഹക സമിതിയിലും അംഗമായിരുന്നു. കൊടകര നാഷനൽ ഹൈസ്കൂളിലും മലബാർ കൃസ്ത്യൻ കോളജിലും അധ്യാപകനായിരുന്നു. പയ്യന്നൂർ കോളജിൽനിന്നാണ് വിരമിച്ചത്.
മുണ്ടശ്ശേരിയുടെ നവജീവൻ, മാതൃഭൂമി എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: രാംകുമാർ, പ്രിയ. മരുമക്കൾ: ശങ്കർ, ധന്യ.