തേഞ്ഞിപ്പലം: ദേശീയപാത കാക്കഞ്ചേരിക്ക് സമീപം അമിതവേഗത്തിൽ എത്തിയ അജഞാത ലോറി ബൈക്കിലിടിച്ച് വഴിക്കടവ് സ്വദേശിയായ യുവ അഭിഭാഷകന് മരിച്ചു. മരുത മുണ്ടുപ്പെട്ടി സ്വദേശി കാരാടന്‍ മുഹമ്മദിെൻറ മകൻ അഡ്വ. എം. ഇര്‍ഷാദാണ് (30) മരിച്ചത്. മഞ്ചേരി ബാറിലെ അഭിഭാഷകനും വഴിക്കടവ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറുമാണ്. ദേശീയപാത കാക്കഞ്ചേരി കിൻഫ്ര പാർക്ക് കഴിഞ്ഞുള്ള പൈങ്ങോട്ടൂര്‍ വളവില്‍ തിങ്കളാഴ്ച അർധരാത്രി 12.45ഓടെയാണ് അപകടം.
ചേളാരി ഭാഗത്ത് നിന്നാണ് അമിത വേഗതയില്‍ ലോറി എത്തിയത്. നിയന്ത്രണം വിട്ടെത്തിയ ലോറി പൈങ്ങോട്ടൂര്‍ വളവില്‍ വെച്ച് റോഡിെൻറ മറുഭാഗത്തേക്ക് കയറി എതിര് ദിശയില്‍ നിന്നു വരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നു തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ ഇര്‍ഷാദിനെ ആദ്യം ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചിരുന്നു.
വേങ്ങരയിലെ ധനകാര്യ സ്ഥാപനത്തിലെ നിയമോപദേഷ്ടാവായ ഇര്‍ഷാദ് കോഴിക്കോട്ടുള്ള സൂഹൃത്തിനെ കണ്ട് വേങ്ങരയിലേക്ക് മടങ്ങവെയാണ് അപകടം. ബൈക്കില്‍ ഇടിച്ച ശേഷം ലോറി നിര്‍ത്താതെ പോയി. സംഭവം കണ്ട കാര്‍ യാത്രക്കാരനായ ഐക്കരപ്പടി സ്വദേശി ദുല്‍ഖിഫിലാണ് ബൈക്കില്‍ ഇടിച്ചത് ലോറിയാണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ ലോറിയുടെ നമ്പര്‍ ലഭിച്ചിട്ടില്ല. തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു.
അപകടത്തെ തുടർന്ന് ലോറിയുടെ തകർന്ന ചില ഭാഗങ്ങള്‍ പരിസരത്തു നിന്നു ലഭിച്ചിട്ടുണ്ട്. തെറിച്ചു വീണ് ഗുരുതര പരിക്കേറ്റ ഇര്‍ഷാദിനെ ആശുപത്രിയില്‍ കൊണ്ടു പോകാൻ ദുല്ഖിഫിലിെൻറ കാറിലേക്ക് എടുത്തു കയറ്റാൻ നിരവധി വാഹനങ്ങള്‍ക്ക് കൈകാണിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നു. കാക്കഞ്ചേരിയിലുള്ള കൂട്ടുകാരെ വിളിച്ചു വരുത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. 15 മിനിറ്റിന് ശേഷമാണ് ആശുപത്രിയില്‍ എത്തിക്കാനായത്.
മാതാവ്: അഫ്സത്ത്. സഹോദരങ്ങള്‍: അഷ്റഫ് (സിവില്‍ എൻജിനിയര്‍), ഷുക്കൂര്‍ (ഖത്തര്‍), റൈഹാനത്ത്, സുമയ്യ (അധ്യാപിക), ഉമ്മു ഹബീബ, ഉമ്മു സല്‍മ.