തിരുവനന്തപുരം: ഇംഗ്ലീഷ് അധ്യാപകനും എഴുത്തുകാരനും വാഗ്മിയുമായ കുന്നുകുഴി മിറാൻഡ ജങ്ഷൻ മാധവത്തിൽ റിട്ട. പ്രഫ. എം. ഭാസ്കര പ്രസാദ് (87) നിര്യാതനായി. ഞായറാഴ്ച പുലർച്ച 3.10നായിരുന്നു അന്ത്യം. പ്രശസ്ത നർത്തകി നീനാ പ്രസാദിന്റെ പിതാവാണ്.
കൊല്ലം ആശ്രാമം കുന്നിൻ പടിയിട്ടതിൽ ഡോ. എ.കെ. മാധവപണിക്കരുടെയും ലക്ഷ്മിക്കുട്ടിയുടെയും മകനാണ്. 1967ൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പാലക്കാട് വിക്ടോറിയ കോളജ്, തലശ്ശേരി ബ്രണ്ണൻ കോളജ്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, സംസ്കൃത കോളജ്, ഗവ. വിമൻസ് കോളജ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. തിരുവനന്തപുരം ഗവ. ആർട്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായി 1992ൽ വിരമിച്ചു. 2010 ൽ കേരള കലാമണ്ഡലത്തിലും അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.
കോളജ് അധ്യാപക സംഘടനയായ എ.കെ.ജി.സി.ടിയുടെ ആദ്യകാല നേതാവായിരുന്നു. പ്രഫ. എം.എൻ. കാരശ്ശേരി, മുൻ മന്ത്രി എ.കെ. ബാലൻ, ഡോ.പി. സോമൻ, പ്രഫ. ജെ. പ്രസാദ്, ബാലചന്ദ്രമേനോൻ തുടങ്ങി നിരവധി പ്രമുഖർ ശിഷ്യരാണ്.
വേൾഡ് എൻസൈക്ലോപീഡിയയിൽ ചിത്രകല, നാടോടിക്കല എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ, ഇംഗ്ലീഷ് മാസ്റ്റർ (അധ്യാപക സഹായി), ശശിയും ഞാനും (നോവൽ), മലയാളത്തിലും ഇംഗ്ലീഷിലും വിവർത്തനങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്. ഇന്ത്യൻ ലിറ്ററേച്ചറിൽ ഇംഗ്ലീഷ് കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ലളിത പ്രസാദ്. മറ്റുമക്കൾ: പ്രേംജിത്ത് (എത്തിഹാദ് എയർലൈൻസ്), നീമാ പ്രസാദ് (സൈക്കോളജിസ്റ്റ്). മരുമക്കൾ: ധനലക്ഷ്മി (ഡയറക്ടർ, പോപ്കോൺ കിന്റർ ഗാർട്ടൻ ആൻഡ് സ്കൂൾ, പാറ്റൂർ), പരേതനായ സുനിൽ സി. കുര്യൻ. സഹോദരങ്ങൾ: കെ. സുമതിക്കുട്ടി (റിട്ട. എ.ഒ, കേരള പി.ഡബ്ല്യു.ഡി.), കെ. ശാരദക്കുട്ടി (റിട്ട. അധ്യാപിക, കോട്ടൺഹിൽ സ്കൂൾ, തിരുവനന്തപുരം). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്. സി.പി.എം ജില്ല സെക്രട്ടറി വി. ജോയി എം.എൽ.എ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തി.