തിരുവനന്തപുരം: പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റും ഗവ. സെക്രട്ടേറിയറ്റ് റിട്ട. ജോയന്റ് സെക്രട്ടറിയുമായ മാത്യു സക്കറിയ പാറക്കല്‍ (93-ചെങ്ങന്നൂര്‍ മുക്കത്ത് കുടുംബയോഗം) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദി ഇന്ത്യന്‍ എക്സ്പ്രസ്, ദി ഹിന്ദു, യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ എന്നീ മാധ്യമങ്ങളില്‍ നിരവധി സ്പോര്‍ട്സ് ലേഖനങ്ങള്‍ എഴുതിയിരുന്നു. കേരള സര്‍ക്കാറിന്റെ ചീഫ് സെക്രട്ടറിമാരായ ഗോപാലസ്വാമി, രാമചന്ദ്രന്, സക്കറിയ മാത്യു എന്നിവരുടെ കീഴില്‍ (1983, 84, 85) കാലയളവില്‍ സ്പോര്‍ട്സ് ഓഫിസറായിരുന്നു. കേരള സെക്രട്ടേറിയറ്റ് സ്പോര്‍ട്സ് അസോസിയേഷന്റെ സ്ഥാപക സെക്രട്ടറി (1959), ഓള് ഇന്ത്യ സിവില്‍ സര്‍വിസ് അത്ലറ്റിക്സ് മീറ്റിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറി, ഓള് ഇന്ത്യ സിവില്‍ സര്‍വിസസ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറി എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു.
മാത്യു സക്കറിയ പാറക്കലിന്റെ ഇടപെടലിലൂടെയാണ് കേരള സര്‍ക്കാര്‍ സര്‍വിസില്‍ സ്പോര്‍ട്സ് ക്വോട്ട നിലവില്‍ വന്നത്. തിരുവിതാംകൂറില്‍ കായിക വിനോദത്തിന് തുടക്കമിട്ട കേണല്‍ ഗോദ വര്മരാജയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്ത്യന്‍ കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒളിമ്പ്യന്‍ സുരേഷ് ബാബു, ഒളിമ്പ്യന്‍ പി.ടി. ഉഷ, ഒളിമ്പ്യന്‍ ടി.സി. യോഹന്നാന്, വോളിബാള്‍ താരങ്ങള്‍ ജിമ്മി ജോർജ്, ജോണ്സണ് ജേക്കബ് തുടങ്ങിയ താരങ്ങളെ കായിക കേരളത്തിന് പരിചയപ്പെടുത്തിയ സ്പോര്‍ട്സ് ജേണലിസ്റ്റ് കൂടിയായിരുന്നു ഇദ്ദേഹം.
ഭാര്യ: പരേതയായ അയിരൂർ നീലം പ്ലാലിൽ അച്ചാമ്മ സൈമൺ. മക്കൾ: റിബേക്ക മാത്യു (ശാന്തി), മേരി മാത്യു (കുഞ്ഞുമോൾ), ഡോ. അച്ചാമ്മ ജോൺ (മിനി), പരേതയായ സാറാ മാത്യു (സുമി). മരുമക്കൾ: ഡോ. ബിനോയ് കുര്യാക്കോസ് (ചമ്പോന്തയിൽ), ജേക്കബ് തോമസ് (കൈതപ്പനയിൽ), ഡോ. ജോൺ ജോസഫ് (തൈയ്യിൽ തെക്കേതിൽ), പരേതനായ വർഗീസ് ഇട്ടിച്ചെറിയ (പൂവക്കുന്നേൽ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.45ന് തിരുവനന്തപുരം പാറ്റൂര്‍ ക്രൈസ്റ്റ് ചര്‍ച്ച് സെമിത്തേരിയിൽ.