തിരുവനന്തപുരം: സിനിമ-സീരിയല്‍ നടനും നിരവധി സീരിയലുകളുടെ നിര്‍മാതാവുമായ മണക്കാട് കാലടി പൈലിങ്ങല്‍ ഹൗസില്‍ കാലടി ജയന് (72) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം.
പി. രാമചന്ദ്രന് എന്നാണ് യഥാര്‍ഥനാമം. ടൈറ്റാനിയം ഉദ്യോഗസ്ഥനായിരുന്നു. കലാരംഗത്ത് സജീവമായപ്പോഴാണ് കാലടി ജയന് എന്ന പേര് സ്വീകരിച്ചത്. പ്രഫഷനല്‍ നാടകങ്ങളിലൂടെ കലാരംഗത്തെത്തിയ കാലടി ജയന് കിരീടം, കളിക്കളം, അപൂര്‍വം ചിലര്‍, ചെറിയ ലോകവും വലിയ മനുഷ്യരും തുടങ്ങി 100 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘മഴവില്‍ക്കാവടി’ ചിത്രത്തിലെ അഴകപ്പന്‍ എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. നിരവധി സീരിയിലുകളിലും അഭിനയിച്ചിട്ടുണ്ട്. ‘സ്വപ്നം’ സീരിയലില്‍ ജി.കെ. പിള്ളയുമൊത്തുള്ള നേത്രാവതി എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാലടി ജയന്റെ തറവാട് നിരവധി മലയാളസിനിമകളുടെ ഷൂട്ടിങ്ങിന് സൗജന്യമായി നല്‍കിയിരുന്നു.
1004 എപ്പിസോഡുള്ള ‘കാര്യം നിസ്സാരം’ സീരിയലിന്റെയും മുംബൈ ആസ്ഥാനമായ പി.എം.ഐ എന്റര്ടെയിന്മെന്റിനുവേണ്ടി 20 ഓളം സീരിയലുകളുടെയും നിര്‍മാതാവാണ്. നാടകം, സീരിയല്‍ രംഗത്തെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ: എസ്. ഗീത. മകള്‍: പരേതയായ സ്മിത. മരുമകന്: സതീഷ് കല്യാണരാമന് (യു.എസ്). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍.