തിരുവനന്തപുരം: പ്രമുഖ ഫിസിക്സ് പ്രഫസറും കാലിക്കറ്റ് സർവകലാശാല ഫിസിക്സ് വകുപ്പ് മുൻ മേധാവിയുമായ ചങ്ങനാശ്ശേരി നടയ്ക്കപ്പാടം പാലാക്കുന്നേൽ ഡോ. എൻ.എൻ. മാത്യു (95) നിര്യാതനായി. മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കവടിയാർ കുറവൻകോണത്തെ വസതിയിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷ ബുധനാഴ്ച 11ന് തുടങ്ങും. സംസ്കാരം ലൂർദ് ഫൊറോന പള്ളിയുടെ നാലാഞ്ചിറ സെമിത്തേരിയിൽ.
ഫുൾബ്രൈറ്റ് ഫെലോഷിപ്പോടെ അമേരിക്കയിലെ ന്യൂ മെക്സിക്കോ സർവകലാശാലയിൽ നിന്ന് തിയററ്റിക്കൽ ഫിസിക്സിൽ ഡോക്ടറേറ്റ് നേടി. കെൻറക്കി, ആഫ്രിക്കയിലെ എറിത്രിയയിലെ അസ്മാറ, കേരള, എം.ജി സർവകലാശാലകളിലും യൂനിവേഴ്സിറ്റി കോളജിലും ചങ്ങനാശ്ശേരി എസ്.ബി കോളജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ യൂനിവേഴ്സിറ്റിസ് അസോസിയേഷൻ, വിദേശ സർവകലാശാലകൾ, യു.പി.എസ്.സി എന്നിവയുടെ പരീക്ഷ ബോർഡുകളിൽ പ്രവർത്തിച്ചു. അമേരിക്കയിലെ ഫിസ്ക്സ് ബിരുദ വിദ്യാർഥികൾക്കായി പുസ്തകം രചിച്ചു. രാജ്യാന്തര ഗവേഷണ സമ്മേളനങ്ങളിൽ ക്ഷണിതാവായിരുന്നു. തലസ്ഥാനത്തെ ലൂർദ്മാതാ എൻജിനീയറിങ് കോളജ് ഭരണസമിതി മുൻ അംഗവും പ്രീമിയർ അസോസിയേഷൻ ഭാരവാഹിയുമായിരുന്നു.
ഭാര്യ: ചങ്ങനാശ്ശേരി പയ്യമ്പള്ളി കുഞ്ഞമ്മ മാത്യു. മക്കൾ: ജോസഫ് മാത്യു (റിട്ട. മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക്), സെബാസ്റ്റ്യൻ മാത്യു (ഫിഷറീസ് കൺസൾട്ടൻറ്), ഡോ. ജോർജ് മാത്യു (പ്രഫസർ യു.എസ്.എ), കൊച്ചുറാണി ജോർജ് (റിട്ട. അധ്യാപിക, നിർമലഭവൻ തിരുവനന്തപുരം). മരുമക്കൾ: ചമ്പക്കുളം മാപ്പിളശ്ശേരി മറിയമ്മ, ഡോ. അനിന്ദിത ചക്രബർത്തി (പ്രഫസർ ഐ.ഐ.ടി കാൺപൂർ), തൃശൂർ ബ്രഹ്മകുളം ബീന മാത്യു (വൈസ് പ്രസിഡൻറ് ബാങ്ക് ഓഫ് അമേരിക്ക), സിബി കാട്ടാമ്പള്ളി (മലയാള മനോരമ മുൻ അസി. എഡിറ്റർ, തിരുവനന്തപുരം ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ).