തിരുവനന്തപുരം: കവിയും അധ്യാപകനും വിവര്‍ത്തകനുമായിരുന്ന പ്രഫ. സുന്ദരം ധനുവച്ചപുരം നിര്യാതനായി. 83 വയസ്സായിരുന്നു. തിരുവനന്തപുരം ഊറ്റുകുഴി ടി.സി 26/765 നമ്പര്‍-4 രമ്യയിലായിരുന്നു താമസം. യൂനിവേഴ്സിറ്റി കോളജ്, വിമന്‍സ് കോളജ്, ആർട്സ് കോളജ്, വിക്ടോറിയ കോളജ്, ബ്രണ്ണന്‍ കോളജ്, മഹാരാജാസ് കോളജ് തുടങ്ങി വിവിധ സര്‍ക്കാര്‍ കോളജുകളില്‍ മലയാളം അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, ആര്‍ട്സ് കോളജ്, പട്ടാമ്പി ഗവ. സംസ്കൃത േകാളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലുമായിരുന്നു. 1993ല്‍ സര്‍വിസില്‍നിന്ന് വിരമിച്ചു. പിന്നീട് സംസ്കൃത സര്‍വകലാശാലയില്‍ മൂന്നുവര്‍ഷം പ്രഫസറായും സേവനമനുഷ്ഠിച്ചു. ടാഗോറിെൻറ ഗീതാഞ്ജലിയുള്പ്പെടെ നിരവധി കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കന്നിപ്പൂക്കള്‍, ഇനിയും ബാക്കിയുണ്ട് ദിനങ്ങള്‍, കേരള പാണിനീയം വ്യാഖ്യാനവും വിചിന്തനവും, പുനര്‍ജനി, ട്വിന്‍സ്, കൃഷ്ണകൃപാസാഗരം, ഉണ്ണിച്ചിരുതേവി ചരിതം, മേൽപത്തൂരിെൻറ നാരായണീയം, നാരായണീയം ദശകസംഗ്രഹം, വൈശിക തന്ത്രം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ടാഗോറിെൻറ ഉദ്യാനപാലകന്‍, ബിൽഹണ കവിയുടെ ചൗരപഞ്ചാശിക, ടാഗോര്‍ കവിതകള്‍, മീരയുടെ ഭക്തിഗീതങ്ങള്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട വിവര്‍ത്തനകൃതികള്‍. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തായി നിരവധി ശിഷ്യസമ്പത്തിനുടമയാണ്. ആരോഗ്യവകുപ്പില്‍ അസി. ഡയറക്ടറായിരുന്ന പരേതയായ ഡോ. കെ.എസ്. അമ്മുക്കുട്ടിയാണ് ഭാര്യ. മക്കള്‍: രാജേഷ് സുന്ദരം, രതീഷ് സുന്ദരം.