കുളത്തൂപ്പുഴ: കഴിഞ്ഞദിവസം വീട്ടില്‍നിന്ന് കാണാതായ 92 കാരനെ വീടിനുസമീപത്തെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ ചെമ്പനഴികം കല്ലുംപുറത്ത് വീട്ടില്‍ തോമസ് മാത്യു (92 തങ്കച്ചന്) വിനെയാണ് കഴിഞ്ഞദിവസം വീടിനുസമീപത്തെ വനത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭാര്യയുടെ മരണശേഷം മൂത്ത മകനും കുടുംബത്തിനുമൊപ്പം കഴിഞ്ഞിരുന്ന തോമസ് മാത്യു വീട്ടിലുള്ളവര്‍ക്കെല്ലാം കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പുറത്തേക്കൊന്നും ഇറങ്ങാതിരിക്കുകയായിരുന്നു. കോവിഡ് നെഗറ്റിവ് സ്ഥിരീകരിച്ചശേഷം രണ്ടുദിവസം മുമ്പ് ഉച്ചക്ക് ശേഷം നടക്കാനിറങ്ങിയ തോമസ് മാത്യുവിനെ കാണാതായി. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പ്രദേശത്തെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തതിനിടെയാണ് വീടിന് ഏറെ അകലെയല്ലാതെ വനത്തില്‍ കുന്നിന്ചരുവിലായുള്ള മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ ഞായറാഴ്ച കണ്ടെത്തിയത്.
കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരേതയായ അന്നമ്മയാണ് ഭാര്യ. മക്കള്‍: തോമസ് ബാബു, പ്രസാദ് വര്‍ഗീസ്, റോസ്ലി ചെറിയാന്.