തൊടുപുഴ: പ്രശസ്ത ഗ്രന്ഥകാരനും എഴുത്തുകാരനുമായ തൊടുപുഴ പെരുമ്പള്ളിച്ചിറ വാര്യത്ത് എം.എസ്. ചന്ദ്രശേഖര വാര്യർ (96) നിര്യാതനായി. ‘സിദ്ധാർഥൻ’ എന്ന തൂലിക നാമത്തിലാണ് അറിയപ്പെട്ടിരുന്നത്. 1925 സെപ്റ്റംബർ നാലിന് തൊടുപുഴക്കടുത്ത് പെരുമ്പിള്ളിച്ചിറയിൽ ജനിച്ചു. വിദ്യാർഥി ആയിരിക്കുേമ്പാൾതന്നെ കവിയും പത്രപ്രവർത്തകനുമായി. തിരുവനന്തപുരത്ത് ‘വീരകേസരി’, ‘മലയാളി’ എന്നീ പത്രങ്ങളിൽ ആറ് വർഷത്തോളം ജോലി ചെയ്തു. 10 വർഷം ‘കേരളധ്വനി’ പത്രത്തിെൻറയും നാലുവർഷം ‘കേരളഭൂഷണം’ പത്രത്തിെൻറയും നാലുവർഷം ‘മനോരാജ്യ’ത്തിെൻറയും പത്രാധിപരായിരുന്നു. രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ് -ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിെൻറ സംഗ്രഹിത പതിപ്പ് തയാറാക്കി. രാമായണം, ഭാഗവതം, മഹാഭാരതം കിളിപ്പാട്ടുകൾ അർഥ വിവരണത്തോടെ എഡിറ്റ് ചെയ്തു. കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളുടെ സംശോധനം നിർവഹിച്ചു. 1974ൽ ഡി.സി ബുക്സ് ആരംഭിച്ചപ്പോൾ മുതൽ എഡിറ്ററായി പ്രവർത്തിച്ചു. അന്തിയും വാസന്തിയും, അകലെനിന്നും വന്നവർ, വ്യക്തിമുദ്രകൾ, ഭാഷയും സാഹിത്യവും, മലയാളപ്പിറവിക്കുമുമ്പ്, ഇറ്റിറ്റ് വീഴും വെളിച്ചം, അഗ്നിയും ജ്വാലയും, പ്രകാശരേണുക്കൾ, സിദ്ധാർഥെൻറ ചിന്താലോകം, സിദ്ധാർഥെൻറ ജീവിത ചിന്തകൾ എന്നിവയാണ് പ്രധാന കൃതികൾ. സ്വാതന്ത്ര്യം അർധരാത്രിയിൽ, ജഡ്ജ്മെൻറ്, നഹ്യയുഗസ്മരണകൾ, സ്വപ്നം വിടരുന്ന പ്രഭാതം, 80 ദിവസം കൊണ്ട് ഭൂമിക്ക് ചുറ്റും, നക്സലേറ്റുകൾ എന്നിവ അദ്ദേഹത്തിെൻറ വിവർത്തന കൃതികളാണ്. ഭാര്യ: തകഴി വടക്കേവാര്യത്ത് പുഷ്കല വാരസ്യാർ (അമ്മിണി). മക്കൾ: ഡോ. ജീവരാജ് സി. വാര്യർ (കുട്ടൻ), മായ. മരുമക്കൾ: ആശ, കൃഷ്ണൻ.