പീച്ചി: ഡാം പമ്പിങ് സ്റ്റേഷൻ കരാർ ജീവനക്കാരൻ ജോലിക്കിടെ ഡാമിൽ വീണുമരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ കാവുവിള വീട്ടിൽ അനുവാണ് (41) മരിച്ചത്.
തൃശൂരിലേക്കുള്ള അമൃത് പദ്ധതിയിലുള്ള ജല അതോറിറ്റിയുടെ ഫ്ലോട്ടിങ് ഇൻ ടൈപ് ജോലിയുമായി ബന്ധപ്പെട്ട് ഡാമിലെ പൈപ്പിന്റെ വാൽവുകൾ പരിശോധിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു. സഹപ്രവർത്തകർ അറിയിച്ചതനുസരിച്ച് ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി തിരച്ചിൽ നടത്തി ബുധനാഴ്ച വൈകീട്ട് 6.30ഓടെയാണ് ഡാമിൽനിന്നും മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
സംഭവം അറിഞ്ഞ് പീച്ചി പൊലീസ്, മന്ത്രി കെ. രാജൻ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പഞ്ചായത്ത് അംഗം ബാബു തോമസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.