അന്തിക്കാട്: സിനിമ സംവിധായകനും നടനും കലാസംവിധായകനും നർത്തകനുമൊയിരുന്ന ടി.കെ. വാസുദേവൻ (89) നിര്യാതനായി. 1960 കളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന സിനിമ പ്രവർത്തകനായിരുന്നു.
രാമു കാര്യാട്ട്, കെ.എസ്. സേതുമാധവൻ തുടങ്ങിയ മുൻനിര സംവിധായകർക്കൊപ്പം നൂറോളം സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. രാമു കാര്യാട്ടിന്റെ ചെമ്മീൻ എന്ന സിനിമയിൽ പ്രധാന സംവിധാന സഹായിയായിരുന്നു.
പണിതീരാത്ത വീട്, കന്യാകുമാരി, രമണൻ, മയിലാടുംകുന്ന് തുടങ്ങി പ്രമുഖ സിനിമകളിലും പ്രവർത്തിച്ചു. എം.ജി.ആർ, കമലഹാസൻ,സത്യൻ, പ്രേം നസീർ, തകഴി, സലിൽ ചൗധരി, വയലാർ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. സിനിമാ ലോകത്ത് അവസാന കാലഘട്ടത്തിലും നിരവധി ആദരവും അവാർഡും ഏറ്റുവാങ്ങിയിരുന്നു.
വാർധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു.
മരണ വിവരമറിഞ്ഞയുടൻ സംവിധായകൻ സത്യൻ അന്തിക്കാട് അടക്കം സിനിമ പ്രവർത്തകർ വീട്ടിൽ എത്തി.
ഭാര്യ: പരേതയായ മണി. മക്കൾ: ജയപാലൻ, പരേതയായ കൽപന. മരുമക്കൾ: അനിൽകുമാർ, സുനിത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് അന്തിക്കാട് കാളി ചാത്തൻ ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ നടക്കും.