Obituary
അരിമ്പൂർ: പെട്ടി ഓട്ടോ സ്കൂട്ടറിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു. വെളുത്തൂർ ചിത്ര ക്ലബിന് സമീപത്തെ ചേന്ത്ര രാമകൃഷ്ണനാണ് (66) മരിച്ചത്. സി.പി.എം വെളുത്തൂർ ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്നു. സ്കൂട്ടറിൽ കൂടെ സഞ്ചരിച്ച പനമുക്കത്ത് ബൈജു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകീട്ട് ഒമ്പതരയോടെ തച്ചംപിള്ളി വയലോരം റോഡിന് സമീപത്താണ് അപകടം. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ പെട്ടി ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഓട്ടോ നിർത്താതെ പോയി. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ രാമകൃഷ്ണൻ മരിച്ചു. പുള്ളിലെ കുടുംബക്ഷേത്രത്തിൽ തോറ്റംപാട്ട് കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബൈജുവും രാമകൃഷ്ണനും. അന്തിക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ശോഭന. മക്കൾ: സുജേഷ്, ശുഭ, സുജ. മരുമക്കൾ: സുരേഷ്, ജോഷി പൊറ്റേക്കാട്ട് (സി.പി.ഐ കാരമുക്ക് ബ്രാഞ്ച് സെക്രട്ടറി), ജിനി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധനാഴ്ച സംസ്കാരം നടക്കും.
മാടക്കത്തറ: മിനിലോറി ഇടിച്ച് സൈക്കിളിൽ പോകുകയായിരുന്ന രണ്ടാം ക്ലാസുകാരൻ മരിച്ചു. തേറമ്പം നാട്ടയ്ക്കൽ വീട്ടിൽ ഷനീലിന്റെ മകൻ ദേവകൃഷ്ണയാണ് (എട്ട്) മരിച്ചത്. പൊങ്ങണക്കാട് സെന്റ് എൽസബത്ത് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യർഥിയാണ്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ പൊങ്ങണക്കാട് പാറപ്പുറം വളവിലായിരുന്നു അപകടം. വണ്ടിക്കടിയിൽപെട്ട കുട്ടി സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. മാതാവ്: രാധിക. സഹോദരൻ: ദേവദേവ്. സംസ്കാരം ബുധനാഴ്ച.
ചാവക്കാട്: കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ പീരുമുഹമ്മദിന്റെ മകൻ അബ്ദുൽ ഹസന്റെ (39) മൃതദേഹമാണ് മത്സ്യബന്ധനത്തിനിടയിൽ ബോട്ടുകാരുടെ വലയിൽ ലഭിച്ചത്. ചൊവ്വാഴ്ച പുലർച്ച കൊടുങ്ങല്ലൂർ മുനമ്പം കേന്ദ്രീകരിച്ച് ചൂണ്ടലിട്ട് മത്സ്യബന്ധനം നടത്തുന്ന ബോട്ടിൽനിന്ന് അബ്ദുൽ ഹസൻ തെറിച്ച് വീഴുകയായിരുന്നു. വിഴിഞ്ഞം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ട് ഈ സീസണിൽ ഒന്നര മാസം മുമ്പാണ് മുനമ്പത്തെത്തിയത്. താനൂരിൽ മത്സ്യം വിറ്റ ശേഷം മുനമ്പത്തേക്ക് പോകുന്നതിനിടയിലാണ് ബോട്ടിൽനിന്ന് യുവാവ് തെറിച്ച് വീണത്. സ്രാങ്കൊഴികെയുള്ളവരെല്ലാം ഉറക്കത്തിലായിരുന്നതിനാൽ അബ്ദുൽ ഹസൻ തെറിച്ചുവീണത് ആരുമറിഞ്ഞിരുന്നില്ല. അബ്ദുൽ ഹസനെ കാണാതായെന്നറിഞ്ഞതിനെ തുടർന്ന് അവർ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. കടപ്പുറം മുനക്കക്കടവിൽനിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ പൊള്ളക്കായി ഖാദറിന്റെ ഉടമസ്ഥതയിലുള്ള നൂറുൽ ഹുദ എന്ന ബോട്ടിലെ തൊഴിലാളികൾക്കാണ് മൃതദേഹം കിട്ടിയത്. അജ്ഞാത മൃതദേഹമെന്ന് കരുതി വിവരം മുനക്കക്കടവ് തീര പൊലീസിനെ അറിയിച്ച് ബോട്ടുകാർ കരയിലെത്തിയ ശേഷമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലെത്തിച്ച മൃതദേഹം സഹപ്രവർത്തകർ തിരിച്ചറിഞ്ഞു. മുനക്കക്കടവ് തീര പൊലീസിന്റെ മേൽ നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം വിഴിഞ്ഞത്തേക്ക് കൊണ്ടുപോയി. മാതാവ്: വിയ്യാത്തുമ്മ. ഭാര്യ: സക്കീന. മകൾ: സഫ ഫാത്തിമ.
തൃശൂർ: തൃശൂർ നഗരത്തിലെ പാലസ് ഗ്രൗണ്ടിൽ പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. ഇടുക്കി വലിയകണ്ടം സ്വദേശി പൂമാവിൽ ഹൗസിൽ എസ്. ബാലമുരുകനാണ് (44) മരിച്ചത്. കുഴഞ്ഞുവീണ ഉടൻ നാട്ടുകാർ ചേർന്ന് അശ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കട്ടപ്പന എൽ.എ ഓഫിസിലെ വില്ലേജ് അസിസ്റ്റന്റായ ബാലമുരുകൻ ചെയിൻ സർവേ പരിശീലനത്തിനാണ് തൃശൂരിൽ എത്തിയത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: ശശികല. മക്കൾ: ഹരീഷ്, ഹർഷിണി, പ്രാണേഷ്. സംസ്കാരം ബുധനാഴ്ച 9.30ന് വീട്ടുവളപ്പിൽ.
ഗുരുവായൂർ: മാണിക്കത്തുപടി കൊമ്പൻ സേവ്യറിന്റെ ഭാര്യ മേഗി (54) നിര്യാതയായി. മക്കൾ: സെമിസ്റ്റോ, ജാസ്മിൻ. മരുമക്കൾ: രോഷ്ന, ടിജിൽ.
എടത്തിരുത്തി: കുമ്പളപറമ്പിൽ ആനന്ദന്റെ മകൻ ഷാജി (52) നിര്യാതനായി. ഭാര്യ: ഷീബ (അധ്യാപിക, കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി സ്കൂൾ). മകൾ: ഐശ്വര്യ. മരുമകൻ: അശ്വൻ. സംസ്കാരം ബുധനാഴ്ച രാവിലെ 7.30ന് വീട്ടുവളപ്പിൽ.
തൃശൂർ: ചെമ്പൂക്കാവ് തിരുവാണിപ്പുറം ഐലങ്കര പീറ്റർ മകൻ ജോൺ (72) നിര്യാതനായി. ഭാര്യ: ബേബി ജോൺ. മക്കൾ: പിയൂഷ്, പ്രിൻസ്. മരുമകൾ: ആരതി. ബുധനാഴ്ച രാവിലെ ഒമ്പതിന് സംസ്കാരം തൃശൂർ ലൂർദ് പള്ളി സെമിത്തേരിയിൽ.
ഇരിങ്ങാലക്കുട: പുല്ലൂർ ഊരകം പാറക്കൽ വീട്ടിൽ ചാത്തുണ്ണിയുടെ ഭാര്യ പത്മിനി (91) നിര്യാതയായി. മക്കൾ: രാജൻ, ദാസൻ (ബി.എസ്.എൻ.എൽ), ഗിരിജ. മരുമക്കൾ: വിജയ, ഷീബ, മുരളി.
വാടാനപ്പള്ളി: സിനിമ പരസ്യകല സംവിധായകൻ സന്തോഷ് സത്യ (58) നിര്യാതനായി. ഗണേശമംഗലത്ത് സത്യൻ വഴിനടയ്ക്കലിന്റെ മകനാണ്. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. പദ്മരാജൻ, ഭരതൻ, ബാലുമഹേന്ദ്ര, വേണു നാഗവള്ളി എന്നിവരുടെ ചിത്രങ്ങൾക്ക് പരസ്യകല സംവിധാനം നിർവഹിച്ച സന്തോഷ് സത്യ ‘ഉയരും ഞാൻ നാടാകെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമ പരസ്യകലാ രംഗത്തേയ്ക്ക് കടന്നുവന്നത്. സുഖമോദേവി, തൂവാനത്തുമ്പികൾ, അയിത്തം, കിഴക്കുണരും പക്ഷി എന്നിവയും അദ്ദേഹം കലാ വൈഭവം പ്രകടിപ്പിച്ച ശ്രദ്ധേയ സിനിമകളാണ്. 2010, 11 വർഷങ്ങളിൽ കേരള ഫിലിം ഓഡിയൻസ് കൗൺസിലിന്റെ ഏറ്റവും നല്ല പരസ്യചിത്ര സംവിധായകനുള്ള അവാർഡ് ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി. മാതാവ്: ചന്ദ്രമതി. ഭാര്യ: ശിവരഞ്ജിനി. മകൻ: ശരൺ.
തളിക്കുളം: തമ്പാൻകടവ് വളപ്പറമ്പ് മസ്ജിദിന് സമീപം തിണ്ടിക്കൽ പരേതനായ മൊയ്തീന്റെ മകൻ ബഷീർ (68) നിര്യാതനായി. മുമ്പ് ഒളരിയിൽ ആയിരുന്നു താമസം. ഭാര്യ: സാബിറ. മക്കൾ: ഷെമീർ, ഷെഫീഖ്, ഷെറി. മരുമക്കൾ: സക്കിയ, മുഹ്സിന, ദിലീഫ്.
പഴുവിൽ വെസ്റ്റ്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് വടക്ക് കൊളണ്ടാത്ത് ചോർളി മനയ്ക്കൽ പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യയും പുതുരുത്തി ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപികയുമായ തിട്ടയിൽ മനയ്ക്കൽ ആര്യദേവി (73) നിര്യാതയായി. മക്കൾ: ശ്രീവിദ്യ, രമ്യ. മരുമക്കൾ: നാരായണൻ, പരേതനായ ശ്രീകുമാർ.
ചാവക്കാട്: കറുകമാട് പള്ളിക്കു സമീപം പരേതനായ ടി.വി. മജീദിന്റെ ഭാര്യ എം.വി. ഐഷീബി (72) നിര്യാതയായി. മക്കൾ: ഷുക്കൂർ, അബ്ദുൽ റഊഫ്, അൻവർ, നഈം, മുജീബ് റഹ്മാൻ. മരുമക്കൾ: ഷബ്ന, മുബീന, സൽമി, റഹീമ, റഷീദ.