കാരാകുർശ്ശി: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. കാരാകുർശ്ശി കാവുങ്ങൽ ജയകൃഷ്ണനാണ് (25) ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 10ഓടെ യുവാവ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം.
മണ്ണാർക്കാട്-കോങ്ങാട് ടിപ്പുസുൽത്താൻ റോഡിൽ മുക്കണ്ണം ഭാഗത്താണ് സംഭവം. ജയകൃഷ്ണൻ ബൈക്കിന്റെ പിറകിലാണ് സഞ്ചരിച്ചിരുന്നത്. ബൈക്ക് ഓടിച്ച രമിത്ത് (25) പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുവരും പുല്ലിശ്ശേരിയിലെ വീട്ടിൽനിന്ന് മണ്ണാർക്കാട്ടേക്ക് പോകുന്ന വഴിയിലാണ് അപകടത്തിൽ പെട്ടത്. മൃതദേഹം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ.
ബുധനാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. മരിച്ച ജയകൃഷ്ണൻ വെൽഡിങ് ജോലിക്കാരനാണ്. പിതാവ്: രാമൻ. മാതാവ്: ചന്ദ്രിക. സഹോദരൻ: ഹരിദാസൻ.