ചെറുമുക്ക് ഈസ്റ്റ് (മലപ്പുറം): നോമ്പ് തുറന്നതിനു ശേഷം റൂമിൽനിന്ന് സവാരിക്കായി ഇറങ്ങിയ യുവാവ് വാഹനമിടിച്ച് മരിച്ചു. ചെറുമുക്ക് ജീലാനി നഗറിലെ മഠത്തിൽ മികച്ചാൻ ഉമ്മർ-സൈനബ ദമ്പതികളുടെ മകൻ അബ്ദുൽ സമദിനെയാണ് (39) റോഡരികിൽ തിങ്കളാഴ്ച മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. കർണാടക കൊപ്പൽ ജില്ലയിലെ യെൽബുർഗയിൽ സഹോദരങ്ങളോടൊപ്പം 20 വർഷമായി റൈയിൻബോ ബേക്കറി നടത്തി വരുകയായിരുന്നു.
പതിവായി റോഡിൽ നടക്കാറുണ്ട് അബ്ദുൽ സമദ്. നോമ്പ് തുറന്നതിനു ശേഷം ബേക്കറിയുടെ തൊട്ടടുത്ത് തന്നെയാണ് അപകടം സംഭവിച്ചത്. ഇടിച്ചിട്ട വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യ: വലിയപീടിയേക്കൽ സമീറ. മക്കൾ: സിബിൽ ഷാൻ, ഷെയിൻ, നഫ്വ. സഹോദരങ്ങൾ: സലീം, മനാഫ്, റിയാസ്, സഹീന. ചെറുമുക്ക് മഹല്ല് ജുമാമസ്ജിദിൽ ഖബറടക്കി.